‘ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല, കാശ് മുടക്കിയാല്‍ ഏത് അലവലാതിക്കും അനാവശ്യം എഴുതാം’; കെ ബി ഗണേഷ് കുമാര്‍

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വിമര്‍ശിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകളില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല. സെക്രട്ടറിക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നും ഗണേഷ് പറഞ്ഞു. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി ഗണേഷ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്. അതിനിടെയാണ് സുകുമാരന്‍ നായര്‍ക്ക് കെ ബി ഗണേഷ് കുമാര്‍ പിന്തുണയറിയിച്ചിരിക്കുന്നത്.

എന്‍എസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. കാശ് മുടക്കിയാല്‍ ഏത് ‘അലവലാതിക്കും’ ഫ്‌ലെക്‌സ് അടിച്ച് അനാവശ്യം എഴുതി വെക്കാം. സുകുമാരന്‍ നായരുടെ നിലപാടുകളില്‍ രാഷ്ട്രീയമില്ല. സര്‍ക്കാര്‍ എന്‍എസ്എസുമായി സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്’- ഗണേഷ് കുമാര്‍ ചോദിച്ചു. പത്തനാപുരം എന്‍എസ്എസ് താലൂക്ക് കമ്മിറ്റി യോഗത്തിലായിരുന്നു ഗണേഷിന്റെ പ്രതികരണം.

‘ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സാര്‍. ഇപ്പോള്‍ വീണ്ടും നിങ്ങള്‍ എന്നെ യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്ന് ഞാന്‍ ആദ്യം തന്നെ പ്രഖ്യാപിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു. അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധ ഫ്‌ലെക്‌സുകള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ജി സുകുമാരന്‍ നായര്‍ നടത്തിയ സര്‍ക്കാര്‍ അനുകൂല പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ആചാര സംരക്ഷണ വിഷയത്തില്‍ സര്‍ക്കാരില്‍ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇതോടൊപ്പം യുഡിഎഫിനെയും ബിജെപിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുകുമാരന്‍ നായര്‍ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.