മുറിയിൽ പോയി തട്ടുന്ന വിദ്വാൻമാർ ആരാണ്? ജനങ്ങൾ ആരാധിക്കുന്നവർ സ്ക്രീനിന് പുറത്ത് കശ്മലന്മാര്‍; കെ. മുരളീധരൻ

കോഴിക്കോട്: നാലരവർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയിരുന്നതിൻ്റെ രഹസ്യമെന്തെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. അതിൻ്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഹേമ കമ്മീഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കല്ലേയെന്നും പിന്നെങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്വമില്ലാതാകുന്നതെന്നും മുരളീധരൻ ചോദിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

സ്ക്രീനിൽ ജനങ്ങൾ ആരാധിക്കുന്നവർ സ്ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് മുരളീധരൻ വിമർശിച്ചു. ഇവരെ സ്ക്രീനിന് ഉള്ളിലേ ആരാധിക്കാൻ പറ്റൂ. മുറിയിൽ പോയി തട്ടുന്ന വിദ്വാൻമാർ ആരാണ്? തെറ്റ് ചെയ്തവർ ആരെന്ന് പുറത്തുപറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയനിഴലിലാകും. ഈ പേരുകൾ പുറത്തുപറയുന്നതിൽ എന്തിനാണ് മടി. മാനനഷ്ടമുണ്ടായാൽ അവർ കേസുകൊടുക്കട്ടെയെന്നും അതിന് സർക്കാരിന് എന്തിനാണ് ഇത്ര താത്പര്യമെന്നും മുരളീധരൻ ചോദിച്ചു.

‘പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമ പ്രവർത്തകർ. സോളാർ റിപ്പോർട്ട് വന്നപ്പോൾ പ്രസിദ്ധീകരിക്കാൻ നാല് ആഴ്ചപോലും എടുത്തില്ല. ഇരയുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്തത്. തെറ്റുചെയ്ത കശ്മലന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണ്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമല്ലോ. സാംസ്കാരിക വകുപ്പ് മന്ത്രി മുടന്തൻ ന്യായമാണ് പറയുന്നത്. എങ്ങനെയാണ് വിഷയത്തിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് പറയുക?’, അദ്ദേഹം ചോദിച്ചു.

ആരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത്രയധികം പീഡനങ്ങൾ മറച്ചുവെച്ചത് ക്രിമിനൽ കുറ്റമാണെന്നും ആരോപിച്ച മുരളീധരൻ, ചർച്ചയല്ല നടപടിയാണ് വേണ്ടതെന്നും വ്യക്തമാക്കി.