തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ കുറ്റമ്പോധമില്ലെന്നും ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി.

കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്‍റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വംശീയ, ജാതീയധിക്ഷേപം ആവര്‍ത്തിച്ചത്. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും സത്യഭാമ പറഞ്ഞു. കറുത്ത കുട്ടികള്‍ തന്‍റെ അടുത്ത് ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.


കേസിന് പോയാല്‍ പോട്ടെയെന്നും ആരെയും ജാതീ അധിക്ഷേപം നടത്തിയിട്ടില്ലെന്നും പറഞ്ഞ സത്യഭാമ പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോള്‍ എന്ന് പറഞ്ഞും അധിക്ഷേപം തുടര്‍ന്നു. പ്രതികരണത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രോഷത്തോടെയായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.
കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ സംഭവത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സത്യഭാമ രംഗത്തെത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു രാമകൃഷ്ണനെതിരായ നേരത്തെ വീഡിയോ അഭിമുഖത്തില്‍ നടത്തിയ ആക്ഷേപം. വ്യാപക വിമർശനം ഉയർന്നിട്ടും വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സത്യഭാമ വ്യക്തമാക്കിയത്.























