തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ജയിൽ മോചിതയാകും. ഷെറിനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാർശ ഗവർണർ അംഗീകരിച്ചു. ആദ്യഘട്ടത്തിൽ ഷെറിനെ മോചിപ്പിക്കണമെന്ന ശിപാർശ ഗവർണർ തിരിച്ചയച്ചിരുന്നു. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നൽകിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം. മോചന ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഷെറിന് ജയിൽ മോചിതയാകാൻ സാധിക്കും. കണ്ണൂർ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ശിക്ഷാ ഇളവ് നൽകാനുള്ള ശിപാർശവന്നതിന് ശേഷവും മറ്റൊരു തടവുകാരിയുമായുണ്ടായ സംഘർഷത്തിൽ ഷെറിനെതിരെ നടപടികൾ ഉണ്ടായിരുന്നു.

ജനുവരി 28ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഷെറിൻ കാരണവർ അടക്കം 11 തടവുകാരെ മോചിപ്പിക്കണമെന്ന ശിപാർശ ഗവർണർക്ക് സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ അന്ന് ഗവർണർ പട്ടിക തിരിച്ചയച്ചു. വിശദമായ പെർഫോമ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഗവർണറുടെ നടപടി. 2009ലാണ് ഭർതൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേർന്ന് വീടിനുള്ളിൽ കൊലപ്പെടുത്തിയത്.

























