മുഖത്തിലും കഴുത്തിലും മുറിവ്, അഞ്ച് വയസുകാരന് മർദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്

ആലപ്പുഴ: ചേർത്തലയിൽ അഞ്ചുവയസുകാരനെ ക്രുരമർദനത്തിനിരയാക്കിയതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്. മുഖത്തും കഴുത്തിലുമാണ് മുറിവ്. അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടുകയായിരുന്നു.

യുകെജി വിദ്യാർഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കണ്ടെത്തിയത്. പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവിൽപ്പനയ്ക്ക് പോകുന്നത്. ഇക്കഴിഞ്ഞ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാൾ മരിച്ചിരുന്നു. കുട്ടിക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.