തലവടി (ആലപ്പുഴ): കുട്ടനാട് താലൂക്കിലെ തലവടി വില്ലേജിൽ, കാരിക്കുഴി ഗവൺമെന്റ് എൽപി സ്കൂൾ അർത്തിശ്ശേരി– നിരേറ്റുപുറം വരെയുള്ള PWD റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി നാട്ടുകാര്‍. മഴ പെയ്താൽ റോഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങും. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ, പിന്നീട് വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധമാണ് റോഡിന്റെ അവസ്ഥ. KSRTC ബസ് സർവീസ് നടത്തിയിരുന്ന റൂട്ട് ആണ്. റോഡിന്റെ അവസ്ഥ മൂലം ബസ് സർവീസ് മുടങ്ങി. രോഗികൾക്കും അടിയന്തര സേവനങ്ങൾക്കും പോലും യാത്ര സുരക്ഷിതമല്ലാതാകുകയാണ്.

ഈ പാത രണ്ട്, മൂന്ന് വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്കും, സ്കൂൾ കുട്ടികൾക്കും, രോഗികൾക്കും, ദൈനംദിന യാത്രക്കാർക്കും ഒരേയൊരു ആശ്രയ മാർഗമാണ്. എന്നാല്‍ പതിനാണ്ടുകളായി പുനരുദ്ധാരണമോ കാര്യമായ അറ്റകുറ്റപ്പണിയോ ഉണ്ടായിട്ടില്ല. പ്രധാനമായും, ക്യാൻസർ രോഗികളും ഡയാലിസിസ് രോഗികളും ആശുപത്രികളിലേക്കുള്ള യാത്രക്കായി ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് ഉള്ള ഭാഗങ്ങൾ ഉയർത്തി നിർമിച്ചാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്നാണ് നാട്ടുകാർ പറയുന്നത്.PWD വകുപ്പിന്റെയും അധികാരികളുടെയും അടിയന്തര ഇടപെടലിലൂടെ, ഇത് ശാശ്വതമായി പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

























