‘കർമ്മയോദ്ധ’യുടെ തിരക്കഥ അപഹരിച്ചതെന്ന് കോടതി; മേജര്‍ രവി 30 ലക്ഷം നഷ്ടപരിഹാരം നൽകണം

കോട്ടയം: ‘കര്‍മ്മയോദ്ധ’യുടെ തിരക്കഥയെച്ചൊല്ലിയുള്ള നിയമതര്‍ക്കത്തില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്നാണ് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ വിധി. പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 13 വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി. 2012-ലായിരുന്നു മോഹന്‍ലാല്‍ നായകനായ സിനിമ പുറത്തിറങ്ങിയത്.

സിനിമ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഷ്യല്‍ കോടതി ജഡ്ജി മനീഷ് ഡി.എയുടെ വിധി. സിനിമയുടെ റിലീസിന് ഒരുമാസം മുൻപാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

മേജര്‍ രവി ഒന്നാം പ്രതിയായിരുന്നു. നിര്‍മാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ്.വി, സുമേഷ്, റോബിന്‍ എന്നിവരും പ്രതികളായിരുന്നു. കഥ തന്റേതാണെന്ന് മേജര്‍ രവി വാദിച്ചു. സിനിമ രചയിതാക്കളായ മറ്റുപലരോടും ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ റെജി മാത്യുവിനോടും കഥ പറഞ്ഞുവെന്നുമായിരുന്നു മേജര്‍ രവിയുടെ വാദം.