പ്രണയാഭ്യർഥന നിരസിച്ചതിന് കൊലപാതകം; തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ അജിൻ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

2019 മാർച്ച് 12-നാണ് തിരുവല്ല നഗരത്തിൽവെച്ച് കവിയൂർ സ്വദേശിനിയായ കവിത(19)യെ അജിൻ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. തിരുവല്ലയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡിൽവെച്ചായിരുന്നു സംഭവം.

കവിതയും പ്രതിയും ഹയർ സെക്കൻഡറി ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ എംഎൽടി കോഴ്സിന് ചേർന്നു. സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിൻ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഇതിന് മുന്നോടിയായി തിരുവല്ലയിലെ പെട്രോൾ പമ്പിൽനിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോൾ വാങ്ങിയിരുന്നു. നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നാലെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.