അക്രമിയെ നേരിട്ട് ശ്രീക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ രക്ഷിച്ചു ; രക്ഷകനെ കണ്ടെത്താൻ റെയിൽവേ

തിരുവനന്തപുരം: വർക്കല ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ്. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും റെയിൽവേ പോലീസ് ഒരുങ്ങുകയാണ്.

സംഭവം നടന്ന ബോഗിയിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ആർപിഎഫ് ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറിയത്. സിസിടിവി ദൃശ്യങ്ങളിലാണ് രക്ഷകനായെത്തിയ ആളുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. പ്രതിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ കൂടി അക്രമിക്കാനൊരുങ്ങുമ്പോൾ രക്ഷപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ.

പ്രതി രണ്ടാമത്തെ പെൺകുട്ടിയെ അക്രമിക്കാനൊരുങ്ങിയപ്പോൾ ചുവപ്പു വസ്ത്രം ധരിച്ച ആൾ ഓടിയെത്തി തന്റെ ജീവൻ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെൺകുട്ടിയെ തിരികെക്കയറ്റുകയും അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ റെയിൽവേ പോലീസ്. ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.

തീവണ്ടിയിൽനിന്ന് പെൺകുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തിലെ പ്രതി പനച്ചമൂട് വടക്കുംകര വീട്ടിൽ സുരേഷ്‌കുമാറിനെ(50) സാക്ഷികൾക്കു മുന്നിലെത്തിച്ച് തിരിച്ചറിയൽപരേഡ് നടത്താനൊരുങ്ങുകയാണ് അന്വേഷണസംഘം. ജയിലിൽ വെച്ചാകും തിരിച്ചറിയൽപരേഡ്. ഇതിനുശേഷം മാത്രമേ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകൂവെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ശ്രീക്കുട്ടിക്ക്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചന ചിത്രങ്ങളും വീഡിയോയും കണ്ട് പ്രതിയെ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നു.

തീവണ്ടിയിൽനിന്നു തെറിച്ചുവീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന പാലോട് സ്വദേശിയായ ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും തീവണ്ടിക്കുള്ളിൽ സുരേഷ്‌കുമാറുമായി തർക്കിക്കുന്നതായാണ് ക്യാമറാദൃശ്യം. ഇയാൾ തീവണ്ടിക്കുള്ളിൽ പുകവലിച്ചത് പെൺകുട്ടികൾ ചോദ്യംചെയ്തതാണ് തർക്കത്തിനും ആക്രമണത്തിനും കാരണമെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, കോട്ടയത്തുനിന്ന് മദ്യപിച്ച അവസ്ഥയിൽ തീവണ്ടിയിൽ കയറിയ ഇയാൾക്കൊപ്പം ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ, സീറ്റിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന ഇയാൾ അക്രമത്തിൽ പങ്കാളിയല്ല. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ ജനറൽ കംപാർട്ടുമെന്റിൽ ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയായിരുന്നു കേരളത്തെ നടുക്കിയ ക്രൂരത നടന്നത്.