‌ആഘോഷമാക്കാൻ ഒരുപാട് ആഗ്രഹിച്ചു: അച്ഛന്റെ പിറന്നാൾ ദിനത്തിൽ വേദനയോടെ കാവ്യ മാധവൻ

അച്ഛൻ മാധവന്റെ 75ാം ജന്മദിനത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി നടി കാവ്യ മാധവൻ. 75ാം പിറന്നാൾ വലിയ ആഘോഷത്തോടെ നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ഇതിനായി അച്ഛനറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പദ്ധിതിയിട്ടിരുന്നുവെന്നും കാവ്യ പറയുന്നു.

ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയാറെടുപ്പുകൾ. പക്ഷേ…അച്ഛന് തിരക്കായി…എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഏഴു തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമകൾക്ക് മുമ്പിൽ ഹൃദയാഞ്‌ജലി. ഈ വർഷം ജൂൺ മാസത്തിലായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവന്റെ അന്ത്യം. നീലേശ്വരം എന്ന ഗ്രാമത്തിൽ നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവൻ എന്ന മനുഷ്യൻറെ ഒരായുസിൻറെ പ്രയത്നം ഉണ്ട്.