കൊച്ചി: പുതിയ ഫോർമുലയിൽ മാർക്ക് ഏകീകരണം നടത്തി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കേരള എൻജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. റാങ്ക് ലിസ്റ്റിന്റെ മാർക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസിൽ പ്ലസ്ടു വിജയിച്ച വിദ്യാർഥിനി ഹന ഫാത്തിമയാണ് ഹർജി നൽകിയത്. മാർക്ക് ഏകീകരണത്തിൽ മാർക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാർഥികളുടെ ദീർഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോർമുലയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സിൽ മാറ്റം വരുത്തിയത് എന്ന വിദ്യാർഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എൻട്രൻസ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാർക്കുകൾ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സർക്കാർ അറിയിച്ചത്. മുൻ സമവാക്യപ്രകാരം തയ്യാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടർന്നാണ് മാർക്ക് കുറയാത്തരീതിയിൽ പുതിയ സമവാക്യം കൊണ്ടുവന്നതെന്നും സർക്കാർ ബോധിപ്പിച്ചു. പ്ലസ്ടുമാർക്കും പ്രവേശന പരീക്ഷാ മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റുനില നിശ്ചയിക്കുക. പുതിയ വ്യവസ്ഥ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

























