കപ്പൽ പൂർണമായും മുങ്ങി: കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്ത് എത്തിയേക്കും

കൊച്ചി: കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലിൽനിന്നു മാറ്റിയിരുന്നു. കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം വിഫലമായി.

ഇന്നലെ കടലിൽ വീണ കണ്ടെയ്നറുകൾ കൊ‌ല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പൽ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്നറുകളിൽ ചിലതു കടലിൽ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ ലഭിച്ചത്.