ഹോം നഴ്‌സിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അൽഷിമേഴ്സ് രോഗി മരിച്ചു

പത്തനംതിട്ട: ഹോം നഴ്‌സിന്റെ മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അൽഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരൻ പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഒരു മാസം മുമ്പാണ് ശശിധരൻ പിള്ള ഹോം നഴ്‌സിന്റെ മർദനത്തിന് ഇരയായത്. സംഭവത്തിൽ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ റിമാൻഡിൽ കഴിയുകയാണ്. സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ശശിധരനെ തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് ശശിധരന്റെ ആരോഗ്യനില കൂടുതൽ വഷളായത്. ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.