നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് താരങ്ങൾ

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തിൽ പങ്കുചേർന്ന് മലയാളത്തിന്റെ പ്രിയ താരങ്ങളും. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിമാ രംഗത്തെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയും മഹാനടൻ മോഹൻലാലും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തുകളിലെത്തി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുഗൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.

നേമം മണ്ഡലം സ്ഥാനാർഥികളായ വി ശിവൻകുട്ടിയും ശബരിനാഥനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. അര മണിക്കൂറോളം ക്യൂ നിന്ന് വോട്ട് ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടിയുള്ള ചിത്രവും മോഹൻലാൽ തൻറെ ഫേസ് ബുക്കിലൂടെ പങ്കുവച്ചിരുന്നു. തന്റെ കടമ പൂർത്തിയാക്കിയെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും താരം കുറിച്ചു. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെ ബൂത്തിലാണ് മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തിയത്.

നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും എറണാകുളം മണ്ഡലത്തിലെ തേവര സർക്കാർ ഫിഷറീസ് സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ എൽപിജി സ്കൂളിലാണ് നടനും സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും വീശുന്നതെന്നും രമേഷ് പിഷാരടി പ്രതികരിച്ചു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ മണ്ഡലത്തിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കേരളത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങളും അത്ഭുതങ്ങളും ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സഹോദരൻ അസ്കർ അലിയ്ക്ക് ഒപ്പം തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. തൊടുപുഴയിലെ തലമുറ മാറ്റം മാതൃകാപരമാണെന്നും താൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പിജെ ജോസഫ് തന്നെ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. ഇത് നമ്മളുടെ അവകാശവും കടമയുമാണെന്ന് വോട്ട് ചെയ്തശേഷം ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടൊവിനോ മറുപടി നൽകി. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകും. താൻ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ല. ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടൊവിനോ തോമസ് പറഞ്ഞു. വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിർവഹിക്കേണ്ടതെന്നും ജയിക്കുന്നവർക്ക് നാടിന് നല്ല രീതിയിൽ സേവിക്കാൻ കഴിയണമെന്നും നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കേരളത്തിൽ നല്ല ഭരണമുണ്ടാവണം. തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണം. സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേർ രാഷ്ട്രീയത്തിലേക്ക് വരുന്നു. രമേശ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകൾ നേരുന്നു. നല്ല വ്യക്തത്വങ്ങൾ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ 219 നമ്പർ ( സെൻറ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ) ബൂത്തിലാണ് കുഞ്ചാക്കോ ബോബൻ വോട്ട് ചെയ്തത്.