തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്രമഴ കണക്കിലെടുത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. നേരത്തെ ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ബംഗാൾ ഉൾക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ ജില്ലകൡ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഒഡിഷ, വടക്കൻ ആന്ധ്രപ്രദേശ് തീരത്തിന് മുകളിലായി സമുദ്രനിരപ്പിൽനിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ടയിലെ അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

























