ക്ലാസ് മുറികളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രന്ധേയമാകാറുണ്ട്. ഈ പ്രവണതക്കെതിരെ വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നൽകിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകനായ മുഹമ്മദലി കിനാലൂർ. വിദ്യാർഥികൾക്കും സ്വകാര്യതയുണ്ടെന്നും അത് വകവെച്ചു നൽകണമെന്നും വിദ്യാർഥികളുടെ സമ്മതത്തോടെയാണ് ചിത്രീകരണം എന്ന ന്യായവാദം ശരിയല്ലെന്നും പരാതിയിൽ പറയുന്നു.

കുട്ടികളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ 2022-ൽ ദേശീയ ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ചൂണ്ടിക്കാണിച്ചാണ് പരാതി. കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾക്ക് ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് അനുമതി വാങ്ങണം, മാനസികമായി കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭാഷണങ്ങൾ ഒഴിവാക്കണം, ആറുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് മേക്കപ്പ് പാടില്ല തുടങ്ങിയ മാർഗ നിർദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.


കുട്ടികളെ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ചില അധ്യാപകരുമുണ്ട്. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകിയതിനു പുറമേ ബാലാവകാശ കമ്മീഷനും പരാതി നൽകാനിരിക്കുകയാണ് മുഹമ്മദലി കിനാലൂർ.























