കല്യാണം കഴിക്കാൻ പോകുന്നുവെന്ന് അഹാനയുടെ മെസേജ്; നിമിഷിനെ നേരത്തേ അറിയാം,

രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ മൂത്തമകൾ അഹാന കൃഷ്ണയും സഹോദരി ഇഷാനി കൃഷ്ണയും വിവാഹത്തിന് തയാറെടുക്കുന്നുവെന്ന സൂചന നൽകി നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ. ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. ഇരുവരും പ്രണയത്തിലാണെന്ന രീതിയിൽ പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് അഹാനയുടെ അച്ഛൻ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ മക്കളുടെ വിവാഹത്തെക്കുറിച്ചും പുതിയ മരുമക്കളെക്കുറിച്ചും കുടുംബജീവിതത്തിലെ ഉയർച്ചതാഴ്ചകളെക്കുറിച്ചും താരം മനസ്സ് തുറന്നത്.

അതുപോലെ മൂന്നാമത്തെ മകൾ ഇഷാനി തന്റെ സുഹൃത്തായ അർജുനുമായി വിവാഹിതയാകാൻ പോകുന്നു എന്ന സൂചനയും അദ്ദേഹം നൽകി. നിമിഷ് രവിയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം വികാരാധീനനായി സംസാരിച്ചു. നിമിഷിന്റെ അച്ഛൻ രവിയുമായി 33 വർഷത്തെ ബന്ധം തനിക്കുണ്ട്. പണ്ട് സിനിമയിൽ പണം നഷ്ടപ്പെട്ട ഒരു നിർമാതാവായിരുന്നു രവി എന്നും ആ കഷ്ടപ്പാടുകൾക്ക് ദൈവം നൽകിയ പ്രതിഫലമാണ് ഇന്ന് നിമിഷിലൂടെ ലഭിക്കുന്ന വിജയമെന്നും കൃഷ്ണകുമാർ പറഞ്ഞു.

സത്യത്തിൽ, വിവാഹക്കാര്യം വീട്ടിൽ വന്ന് ഔദ്യോഗികമായി അവതരിപ്പിക്കേണ്ട സാഹചര്യം ഞങ്ങളുടെ മക്കൾക്കില്ല. കാരണം, അവർ വിവാഹം കഴിക്കാൻ പോകുന്നവരൊക്കെ നേരത്തെ തന്നെ ഞങ്ങളുടെ വീട്ടിൽ വരുന്നവരും ഞങ്ങൾക്ക് പരിചയമുള്ളവരുമാണ്. എന്റെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു; അന്ന് ഞാൻ സിന്ധുവിനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. നമുക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യം എന്താണെന്നറിയുമോ? മക്കൾ ഓരോരുത്തരും വിവാഹം കഴിക്കാൻ പോകുന്നത് ആരെയാണെന്ന് അവർക്കും എനിക്കും കൃത്യമായി അറിയാം. അത് കാര്യങ്ങൾ എത്രയോ എളുപ്പമാക്കി മാറ്റുന്നു. ഇന്ന ആളാണ്, ഇന്ന സ്ഥലത്തുനിന്നാണ് എന്നൊക്കെ വ്യക്തമായതുകൊണ്ട് എല്ലാം വളരെ സുഗമമായി. അശ്വിനെയും നിമിഷിനെയും അർജുനെയുമൊക്കെ വളരെക്കാലമായി അറിയാവുന്ന കുട്ടികളാണ്. വിവാഹം കഴിക്കാൻ പോകുന്ന പയ്യനെക്കുറിച്ച് അന്വേഷിക്കാൻ രഹസ്യമായി ആളെ വിടുകയോ മറ്റുള്ളവരോട് ചോദിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. യഥാർഥത്തിൽ ഇവരെക്കാളൊക്കെ കുഴപ്പങ്ങൾ ഉണ്ടായിരുന്ന ആളാണ് ഞാൻ. എന്നെക്കുറിച്ച് ആരും അന്വേഷിക്കാത്തതുകൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടുപോയി; അന്വേഷിച്ചിരുന്നെങ്കിൽ എല്ലാം അന്ന് തന്നെ പൊളിഞ്ഞു പോയേനെ. നമ്മളെക്കാൾ നല്ലവരായ കുട്ടികളെയാണ് അവർക്ക് ലഭിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ എനിക്ക് വലിയ സമാധാനവും സന്തോഷവുമുണ്ട്. ഇപ്പോൾ എന്ത് ആവശ്യമുണ്ടെങ്കിലും എനിക്ക് അവരോട് ധൈര്യമായി പറയാം; ‘അശ്വിൻ അത് ചെയ്തേക്കണേ’, ‘അർജുൻ അങ്ങനെയാണേ’, ‘നിമിഷ് ഇങ്ങനെയാണേ’ എന്നിങ്ങനെ.മറ്റൊരു പ്രധാന കാര്യം, നിമിഷിന്റെ അച്ഛൻ രവിയും ഞാനുമായി 30-33 വർഷത്തെ ദീർഘകാല ബന്ധമുണ്ട്. അദ്ദേഹം സിനിമയിലെ പഴയൊരു നിർമ്മാതാവായിരുന്നു. അവരെ അറിയാവുന്നത് കൊണ്ട് തന്നെ കാര്യങ്ങൾ എത്രയോ സൗകര്യമായി. അഹാനയും നിമിഷുമൊക്കെ പണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്ന കാലത്താണ് ഞാൻ അവനെ ആദ്യമായി പരിചയപ്പെടുന്നത്. അവർ കുറെ സുഹൃത്തുക്കൾ ചേർന്നാണ് അന്ന് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ആ സൗഹൃദത്തിന് ശേഷം നിമിഷിന്റെ കരിയറിൽ വലിയ വളർച്ചയാണുണ്ടായത്. അവന്റെ അച്ഛന് സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. സിനിമയിൽ പണം നിക്ഷേപിക്കുകയും അത് നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണദ്ദേഹം.

ആഡംബരം കാണിച്ച് കടം വാങ്ങി കല്യാണം കഴിക്കേണ്ട കാലമല്ലിത്. 1500 പേരെ വിളിച്ച് കല്യാണം നടത്തി കടക്കെണിയിലാകുന്നവരോട് ഞാൻ പറയും നിങ്ങളെക്കാൾ ആളുകൾ അറിയുന്ന നടനാണ് ഞാൻ, എന്നിട്ടും എനിക്ക് ഒരു രൂപ പോലും കടമില്ലാതെയാണ് മകളുടെ കല്യാണം നടത്തിയത്. പണമില്ലെങ്കിൽ അത് പറയുന്നതിൽ എന്ത് കുഴപ്പമാണുള്ളത്? ആ പൈസ ഉണ്ടെങ്കിൽ അത് മക്കൾക്ക് കൊടുത്തേക്ക്, അവർ സുഖമായി ജീവിക്കട്ടെ. സ്വർണത്തിന്റെ വില കൂടുമ്പോഴും എനിക്ക് സന്തോഷമാണ്, സിന്ധുവിന്റെ കയ്യിലുള്ളത് വിറ്റാൽ നല്ല വില കിട്ടുമല്ലോ, കൃഷമകുമാർ പറഞ്ഞു.