കൊച്ചി: മമ്മൂട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങിയെന്നും എല്ലാ ദിവസവും രാഷ്ട്രീയ വിഷയങ്ങളിലടക്കം അദ്ദേഹവുമായി ചർച്ചകൾ നടത്താറുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ചലച്ചിത്ര താരങ്ങളെയാരെയും താൻ നിർബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ലെന്നും പിഷാരടി പറഞ്ഞു.

തൃപ്പൂണിത്തുറക്കാരുടെയും സിറ്റിങ് എംഎൽഎ കെ ബാബുവിന്റെയും ‘അനുഗ്രഹം വാങ്ങി’യാണ് രമേഷ് പിഷാരടി പാലക്കാട്ടേക്ക് പോയത്. പാലക്കാട്ടേക്ക് പുറപ്പെടുന്നതിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ രമേഷ് പിഷാരടി താമസിക്കുന്നത് തൃപ്പൂണിത്തുറയിൽ ആണ്. അവിടെ നിന്ന് വൈകിട്ട് നാലു മണിയോടെ പിഷാരടി പാലക്കാടെത്തി പ്രചരണത്തിനു തുടക്കം കുറിക്കും. എംഎൽഎമാരെന്ന നിലയിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് വിപ്ലവാത്മകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. രാഹുൽ ചെയ്ത നല്ല കാര്യങ്ങളുടെ പിന്തുടർച്ച തന്റെ ഭാഗത്തു നിന്നുണ്ടാകും. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ കോൺഗ്രസ്, മാങ്കൂട്ടത്തിലിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നു മാറ്റിയിരുന്നുവെന്ന് പിഷാരടി ചൂണ്ടിക്കാട്ടി. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നു പറഞ്ഞത്, രാഹുലിനെ താൻ പിന്തുണയ്ക്കുന്നു എന്ന രീതിയിൽ മാധ്യമങ്ങൾ തലക്കെട്ടു കൊടുത്തതാണെന്നും പിഷാരടി പറഞ്ഞു.

























