വനിതാ ‍ഡോക്ടറുടെ കൊലപാതകം: ഓരോ ഇന്ത്യക്കാരനും നാണംകൊണ്ട് മുഖം മറയ്ക്കണം, കെ.എസ്. ചിത്ര

കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ‍ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഗായിക കെ.എസ്. ചിത്ര.

‘കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും നാണക്കേടുകൊണ്ട് മുഖം മറയ്ക്കണം. ഏതാനും വർഷങ്ങൾക്കുമുൻപ് ഡെൽഹിയിൽനടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ കുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രിതന്നെ നേരിട്ട് വിലയിരുത്തുകയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർഥിക്കുകയാണ്. വേർപിരിഞ്ഞ ആത്മാവിനായ് തലകുനിച്ച് പ്രാർഥിക്കുന്നു’ -ചിത്ര പറഞ്ഞു.

അതിനിടെ, ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഈ മാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.