തിരുവനന്തപുരം: ഡ്രൈവറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഗതാഗത വകുപ്പിന്റെ തിരുത്ത്. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുളള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെൻഷൻ. ഇത് വിവാദമാകുകയും ചെയ്തു. നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതിയുമുയർന്നിരുന്നു.

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്ന് ഒരു യുവതി മന്ത്രി കെ.ബി.ഗണേഷ് കുമാറിനു പരാതി നല്‍കിയിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എന്നിവ സഹിതമായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ചീഫ് ഓഫിസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു.

























