വിപഞ്ചികയുടെ മരണം: കേസെടുക്കാൻ ഒരുങ്ങി കേരളാ പൊലീസ്

ഷാർജയിൽ ഒരു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുക്കാൻ ഒരുങ്ങി കേരളാ പൊലീസ്. ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുക്കുക. ഇന്ന് തന്നെ ശൈലജയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതിന് ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷൈലജ ഇന്ത്യൻ എംബസി, കേന്ദ്ര വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, എംപി, ഡിജിപി എന്നിവർക്കും പരാതി നൽകി.

കോട്ടയം എസ്പി വിപഞ്ചികയുടെ മാതാവിൽ നിന്ന് വിവരങ്ങൾ തേടി. ഭർത്താവ് നിതീഷിൽ നിന്നു പീഡനമേറ്റതിന്റെ ചിത്രങ്ങളും ശബ്ദം സന്ദേശങ്ങളും വിപഞ്ചിക മരണത്തിനു മുൻപ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവയൊക്കെ ഡിജിറ്റൽ തെളിവായി പൊലീസിന് നൽകിയിട്ടുമുണ്ട്. ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ പറയുന്നുമുണ്ട്.