കൊച്ചി: ഓൺലൈനായി ഓർഡർ ചെയ്ത ലാപ്‌ടോപ്പിനു പകരം ടീഷർട്ട് ലഭ്യമായ സംഭവത്തിൽ ഇ-കൊമേഴ്‌സ് സ്ഥാപനം ഉപഭോക്താവിന് 49,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. പെരുമ്പാവൂർ സ്വദേശിയാണ് പരാതി നൽകിയത്. ഫോട്ടോഗ്രാഫ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം എതിർകക്ഷി കസ്റ്റമർ കെയറിനെ സമീപിച്ചു.

എന്നാൽ, തിരിച്ചെടുക്കൽ അപേക്ഷ, മതിയായ കാരണം കാണിക്കാതെ നിരസിച്ചതായി പരാതിയിൽ പറയുന്നു. ഇ-കൊമേഴ്‌സ് സ്ഥാപനത്തിനു നൽകുന്ന പരാതികൾക്ക് 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് നൽകണം. ഒരു മാസത്തിനകം പരാതിയിൽ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിർകക്ഷികൾ ലംഘിച്ചതായും ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

























