അന്ന് നീലിയെ മോചിപ്പിച്ച ഇന്ദ്രിയത്തിലെ സണ്ണി ഇന്ന് നിർദേശങ്ങൾ കൈമാറുന്നു; ‘ലോക’യിലെ നിഷാന്തിന്റെ കഥാപാത്രം ശ്രദ്ധ നേടുന്നു

‘ലോക: ചാപ്റ്റർ വൺ- ചന്ദ്ര’യിൽ നിഷാന്ത് സാഗറിന്റെ കഥാപാത്രത്തിൽ ‘ഇന്ദ്രിയം’ റഫറൻസ് കണ്ടെത്തി സോഷ്യൽമീഡിയ. വാണി വിശ്വനാഥ് നായികയായി 25 വർഷം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിൽ നിഷാന്ത് സാഗറിന്റെ കഥാപാത്രത്തെ ‘ലോക’യുമായി ബന്ധപ്പെടുത്തിയാണ് ആരാധകർ വായിക്കുന്നത്. ഇരുചിത്രങ്ങളും തമ്മിലെ രണ്ട് കൗതുകങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

‘ഇന്ദ്രിയ’ത്തിൽ മരത്തിൽ ആണിയടിച്ചു തളച്ച നീലി എന്ന യക്ഷിയെ മോചിപ്പിച്ചത് നിഷാന്ത് സാഗർ അവതരിപ്പിച്ച കഥാപാത്രമാണ്. ചിത്രത്തിൽ നിഷാന്തിന്റെ കഥാപാത്രത്തിന്റെ പേര് ‘സണ്ണി’ എന്നാണ്. ‘ലോക’യിൽ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കഥാപാത്രം കള്ളിയങ്കാട്ട് നീലി തന്നെയാണ്. ‘ഇന്ദ്രിയ’ത്തിൽ മോചിപ്പിച്ച സണ്ണിയായെത്തിയ നിഷാന്ത്, ‘ലോക’യിൽ നീലിക്ക് മൂത്തോന്റെ നിർദേശങ്ങൾ കൈമാറുന്ന പ്രകാശ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നീലിയെ ‘തളച്ചതോ’ടെ കത്തനാർക്ക് നിയന്ത്രണം ലഭിക്കുകയാണ് ചെയ്തതെന്ന് സൂചിപ്പിക്കുന്ന ഡയലോഗും ‘ലോക’യിലുണ്ട്.

കഥാപാത്ര നിർമിതിയിലെ കൗതുകത്തിന് പുറമേ പേരിലും ചില യാദൃച്ഛികതയുണ്ട്. ‘ലോക’യിൽ നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സണ്ണിയെന്നാണ്. 1905-ൽ തന്റെ ബോയ്ഫ്രണ്ട് ആയിരുന്ന ഒരു ബ്രിട്ടീഷ് ഓഫീസർക്ക് സണ്ണിയുടെ രൂപമായിരുന്നുവെന്ന് ചന്ദ്ര ചിത്രത്തിൽ പറയുന്നുമുണ്ട്.

ജോർജ് കിത്തു സംവിധാനംചെയ്ത ചിത്രമാണ് ‘ഇന്ദ്രിയം’. വാണി വിശ്വനാഥ്, വിക്രം, ബോബൻ ആലുമ്മൂടൻ, ലെന എന്നിവരാണ് നിഷാന്തിനെക്കൂടാതെ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. നീലി എന്ന യക്ഷിയുടെ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.