തൃശൂർ: കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി മോഹിനിയാട്ടം പഠിക്കാൻ ഒരു പുരുഷ വിദ്യാർഥി. തിരുവനന്തപുരം പാറശാല മരിയാപുരം സ്വദേശിയായ ആർഐ പ്രവീൺ ആണ് മോഹിനിയാട്ടത്തിന് പ്രവേശനം നേടിയത്. സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്നു ഡിഗ്രിയും, പിജിയും പൂർത്തിയാക്കിയ പ്രവീൺ കലാമണ്ഡലത്തിലെ തനത് മോഹിനിയാട്ട ശൈലി പഠിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ചേർന്നത്.

അഞ്ചാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്ന പ്രവീൺ 29 വർഷമായി രംഗത്ത് സജീവമാണ്. നേരത്തെയും പ്രവീൺ കലാമണ്ഡലത്തിൽ ചേരാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ സമയത്ത് മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം ഇല്ലായിരുന്നു. കഴിഞ്ഞ വർഷമാണ് പ്രവേശനം നൽകാൻ തീരുമാനിച്ചത്. സ്വാശ്രയ കോഴ്സായി മോഹിനിയാട്ടം ആരംഭിച്ച ശേഷം ആദ്യമായാണ് ആൺകുട്ടി പ്രവേശനം നേടുന്നത്. നിരവധി പേർ അപേക്ഷിച്ചെങ്കിലും അഭിമുഖ പരീക്ഷയിലൂടെ പത്ത് പേരെ തിരഞ്ഞെടുത്തു. 10 പേരിൽ ഒരു ആൺകുട്ടി മാത്രമാണ് അപേക്ഷിച്ചത്. മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് ഉണ്ടായിരുന്ന വിവേചനത്തിൽ ശക്തമായി പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. പിന്നീട് അദ്ദേഹം കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

























