നിമിഷപ്രിയ കേസ് :വധശിക്ഷ നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍

കോഴിക്കോട്: യെമന്‍ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. വധശിക്ഷ അത്രയും വേഗം നടപ്പിലാക്കി നീതി നടപ്പാക്കണമെന്നും ഇനി ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയ്യാറല്ലെന്നും സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി അറിയിച്ചു. ദയാധനം സ്വീകരിക്കാൻ തയ്യാറല്ലെന്നും വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി പ്രഖ്യാപിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ച ശേഷം ഇത് രണ്ടാം തവണയാണ് സഹോദരൻ പ്രോസിക്യൂഷന് കത്ത് നൽകുന്നത്.

നിമിഷപ്രിയയുടെ മോചനസാധ്യതകൾക്കും മധ്യസ്ഥ ശ്രമങ്ങൾക്കും തിരിച്ചടിയാവുന്നതാണ് തലാലിന്റെ സഹോദരന്റെ പുതിയ നീക്കം. നേരത്തെയും വധശിക്ഷ നീട്ടിയ നടപടിക്കെതിരെ ഇദ്ദേഹം രംഗത്ത് വന്നിരുന്നു. അടുത്തിടെ വധശിക്ഷ റദ്ദാക്കിയതായി വാർത്തകൾ വന്നപ്പോൾ അത് നിഷേധിച്ച് വധശിക്ഷ റദ്ദാക്കിയതല്ലെന്നും മാറ്റിവെച്ചാൽ റദ്ദാക്കിയെന്നല്ല അർത്ഥമെന്നും ഇദ്ദേഹം പ്രതികരിച്ചിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ മോചനത്തിനായുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് തലാലിന്റെ സഹോദരന്റെ ഈ നടപടി. നേരത്തെ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വിവരം കാന്തപുരം പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാർ തള്ളിയിരുന്നു.