സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ച് നടി മമിത ബൈജു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച രണ്ടുവരി കുറിപ്പിലാണ് മമിതയുടെ പ്രഖ്യാപനം. വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

കുറച്ചുകാലത്തേക്ക് എല്ലാ സാമൂഹികമാധ്യമങ്ങളിലും ഒരു ഇടവേളയെടുക്കുന്നുവെന്നായിരുന്നു നടിയുടെ പ്രഖ്യാപനം. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടീം അറിയിക്കുമെന്നും മമിത കൂട്ടിച്ചേർത്തു.


ഏറെക്കാലമായി സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് മമിത. ചിത്രങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളാണ് ഏറെയും പങ്കുവെക്കാറുള്ളത്. സ്വന്തം ചിത്രങ്ങളും നടി സാമൂഹികമാധ്യമങ്ങളിൽ സജീവമായി പങ്കുവെക്കാറുണ്ട്. സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളുടെ ജന്മദിനങ്ങളിൽ ഉൾപ്പെടെ ആശംസകളും നടി സാമൂഹികമാധ്യമങ്ങൾ വഴി അറിയിക്കാറുണ്ട്.
ദ റൗട്ട് എന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയാണ് മമിതയുടെ സാമൂഹികമാധ്യമങ്ങൾ കൈകാര്യംചെയ്യുന്നതെന്നാണ് സൂചന. നിർമാതാവും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മുൻമാനേജറുമായ ജഗദീഷ് പളനിസ്വാമിയുടെ നേതൃത്വത്തിലുള്ളതാണ് സ്ഥാപനം.
അതേസമയം, തമിഴിൽ നായികാ പ്രാധാന്യമുള്ള ചിത്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മമിത സാമൂഹികമാധ്യമങ്ങളിൽനിന്ന് ഇടവേള പ്രഖ്യാപിച്ചത്. സംവിധായകനും നടനുമായ പ്രദീപ് രംഗനാഥൻ നിർമിക്കുന്ന ചിത്രത്തിൽ മമിതയാണ് നായിക. ആറുപേർ ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വത് മാരിമുത്തു, സ്വാസിക തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു.























