അന്തരിച്ച തമിഴ് നടൻ ഡൽഹി ഗണേഷിനെ അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇരുവരുടെയും അനുശോചനം. ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു ഗണേഷിന്റെ വിയോഗം. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തുകയാണ്. “തെന്നിന്ത്യൻ സിനിമകളിൽ മികച്ച അഭിനയപാടവം കാഴ്ച്ചവെച്ച അതുല്യ പ്രതിഭയായിരുന്നു പ്രിയപ്പെട്ട ഡൽഹി ഗണേഷ് സർ.

പതിറ്റാണ്ടുകളായി വിവിധ ഭാഷകളിൽ വ്യത്യസ്തങ്ങളായ എത്രയോ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ദേവാസുരം, കാലാപാനി, കീർത്തിചക്ര, ഇരുവർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചു. അദ്ദേഹത്തിൻ്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ”, എന്നാണ് മോഹൻലാൽ കുറിച്ചത്. “ഡൽഹി ഗണേഷിന് ആദരാഞ്ജലികൾ”, എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

























