ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായി; വിവാഹം നടത്തിക്കൊടുത്ത് യുവാവ്

സഹർസ: ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത യുവാവിന്റെ വാർത്ത വൈറലാകുന്നു. ബിഹാറിലെ സഹർസയിലാണ് 12 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം വേർപിരിഞ്ഞ ശേഷം മുൻ ഭാര്യയെ യുവാവ് മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകിയത്. വിവാഹച്ചടങ്ങുകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. 12 കൊല്ലം ഇരുവരും ഒരുമിച്ച് ജീവിച്ചു. ഇവർക്ക് മൂന്നുകുട്ടികളുമുണ്ട്. ഭർത്താവുമായി വിവാഹബന്ധം നിലനിൽക്കവേയാണ് മറ്റൊരാളുമായി യുവതി പ്രണയത്തിലാകുന്നത്. യുവതി രണ്ടാമത് പ്രണയിച്ച യുവാവ് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായിരുന്നു.

യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസ്സിലായപ്പോൾ ബന്ധം പിരിയാൻ ഭർത്താവ് തീരുമാനിച്ചു. തുടർന്ന് ഇവർ വിവാഹമോചിതരാവുകയും പിന്നാലെ മുൻ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു.

യുവതിയുടെയും കാമുകന്റെയും വിവാഹത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.