ചെളി വെള്ളം തെറിപ്പിച്ച് കാർ, റോഡിൽ നിന്ന് കാറിൽ ചെളിവാരി വിതറി ബൈക്ക് യാത്രികൻ

ചന്തിരൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ദേഹത്തേക്ക് ചെളി തെറിപ്പിച്ച് കാറിന് നേരെ തിരിച്ച് ചെളി വാരിയെറിഞ്ഞ് ഇരുചക്ര വാഹനയാത്രക്കാരൻ. കാർ പിന്തുടർന്നെത്തിയ ഇരുചക്ര യാത്രക്കാരൻ പിന്നാലെയെത്തി റോഡിൽ നിന്ന് ചെളി വാരി കാറിൽ വാരിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. ആലപ്പുഴ ചന്തിരൂർ സ്കൂളിന് സമീപമാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കാറിൽ ചെളി വാരിയിടുന്ന ഹെൽമറ്റ് ധരിച്ചയാളോട് കാർ ഓടിച്ചയാൾ സംസാരിക്കാൻ ശ്രമിക്കുന്നതും ഇത് പരിഗണിക്കാതെ കാറിൽ ചെളി വാരി വിതറുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുള്ളത്. സമാനമായ മറ്റൊരു സംഭവത്തിൽ ഇതേ പാതയിലാണ് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ ബസ് നടുറോഡിൽ ഉപേക്ഷിച്ച് പോയത് കഴിഞ്ഞ മാസമാണ്. ചെളിവെള്ളം സ്കൂട്ടർ യാത്രക്കാർക്ക് മേലെ വീണതിനേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കോഴിക്കോട് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് ഉപേക്ഷിച്ച് ജീവനക്കാർ പോയത്.