സമൂഹ മാധ്യമങ്ങളിൽ നിന്ന് അടക്കം കുറച്ച് കാലമായി വിട്ടുനിൽക്കുന്ന നസ്രിയ നസീം ഏറ്റവും ഒടുവിലായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധനേടുന്നു. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലിഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്. മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്.

‘‘ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. വാഷിങ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്‌ക് പ്ലേയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേർസ് എന്നിവ തിരഞ്ഞെടുക്കുക. നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. ലോ കൊളസ്ട്രോളും ഡെൻ്റൽ ഇൻഷുറൻസും. ഫിക്‌സഡ് ഇന്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെന്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തിരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അദ്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, ജങ്ക് ഫുഡ് രാവിലെ വായിൽ തിരുകി കയറ്റുക”– എന്നിങ്ങനെ നസ്രിയ പങ്കുവച്ച പാരഗ്രാഫ് നീളുന്നു. നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക എന്നാണ് ചിത്രത്തിൽ അവസാനം എഴുതിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിട്ടുനിൽക്കുന്നതിൽ വിശദീകരണവുമായി നസ്രിയ എത്തിയത് ഏപ്രിൽ മാസമാണ്. കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോൾ സ്വയം വീണ്ടെടുപ്പിൻറെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ നസ്രിയ അറിയിച്ചിരുന്നു. കുറച്ചു മാസങ്ങളായി പൊതുവിടങ്ങളിൽ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളായിരുന്നുവെന്നാണ് താരം പറഞ്ഞത്. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാർഡ് ലഭിച്ചതിനു പിന്നാലെയാണ് താരത്തിൻറെ തുറന്നുപറച്ചിൽ.

























