പ്രസവാവധി അവകാശമാണ്, സാധാരണ അവധിയായി കണക്കാക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: പ്രസവാവധിയെ മറ്റ് അവധികൾപോലെ കണക്കിലെടുക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അവകാശമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടൽ. പ്രസവാവധിയടക്കം ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിൽ വ്യക്തമാക്കി. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നടത്തുന്ന കോഴ്‌സിലെ പഠനകാലയളവിലെ അവധി സംബന്ധിച്ച വിഷയത്തിലാണ് കോടതി ഇടപെടൽ.

എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു ഹർജിക്കാരി. ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ലെന്നാണ് ചട്ടം. ഹർജിക്കാരി പഠനകാലയളവിൽ പ്രസവാവധി എടുത്തിരുന്നു. ഇതിനുപിന്നാലെ അർബുദത്തിന് ചികിത്സതേടേണ്ടിയും വന്നു. ഇതോടെ അവധി ഒരു വർഷത്തിലധികം നീണ്ടു. കോഴ്സ് തുടരാനാകില്ല എന്ന കാരണം ചൂണ്ടിക്കാട്ടി എൻബിഇഎംഎസ് അവധി അപേക്ഷ നിഷേധിച്ച സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്. ‘ഒരു സ്ത്രീയ്ക്ക് പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ല. പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഉൾപ്പെടെയുള്ളവർക്ക് ഇതിന് അവകാശമുണ്ട്. 1961 ലെ പ്രസവാനുകൂല്യ നിയമം അനുസരിച്ച്, ഒരു സ്ത്രീക്ക് ഗർഭകാലത്ത് ന്യായമായ അവധി ലഭിക്കാനുള്ള അവകാശം ഉണ്ട്. സുഖം പ്രാപിക്കാനുള്ള സമയവും ഈ കാലയളവിൽ പരിഗണിക്കണം.

പ്രസവാവധി ഒരു അവകാശവും മറ്റ് അവധികൾ വിവേചനാധികാരവുമാണ്. ട്രെയിനിക്ക് ലഭിക്കുന്ന മറ്റ് പതിവ് അവധികളുമായി പ്രസവാവധിയെ കൂട്ടി ചേർക്കാൻ കഴിയില്ല. ഹർജിക്കാരിക്ക് പ്രസവാവധിയും അവരുടെ മെഡിക്കൽ അവധിയും ഒരേ വർഷം തന്നെ ലഭിക്കണം. ഒരു വ്യക്തി ഒരു വർഷത്തിൽ കൂടുതൽ അവധി സ്വീകരിക്കാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ അവസരങ്ങൾ നഷ്ടമാകുമെന്നുമുള്ള പൊതു നിബന്ധനകൾ ഇത്തരം അപൂർവ സന്ദർഭങ്ങളിൽ പ്രയോഗിക്കാൻ കഴിയില്ല. അതിനാൽ, എൻബിഇഎംഎസ് ട്രെയിനികൾക്കുള്ള 2024 ലെ സമഗ്ര അവധി നിയമങ്ങളിലെ നിയന്ത്രണം അപേക്ഷകന് ബാധകമാക്കരുതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരിക്ക് ഒരു വർഷത്തിലധികം അവധി വേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്നാണ് കോടതി വിലയിരുത്തൽ. പരാതിക്കാരിയുടെ അവധി ദിവസങ്ങളിൽ 184 ദിവസം പ്രസവാവധിയായിരുന്നു. പ്രസവാവധി അവകാശമായതിനാൽ സാധാരണ അവധിയായി കണക്കാക്കാനാകില്ല. അതിനാൽ ഹർജിക്കാരിയെ കോഴ്സിൽനിന്ന് പുറത്താക്കരുതെന്നും, യുവതിക്ക് വീണ്ടും അവധിക്കായി അപേക്ഷനൽകാൻ അവസരം നൽകാനും അത് പരിഗണിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും എൻ.ബി.ഇ.എം.എസിന് കോടതി നിർദേശം നൽകി.