സ്വർണ്ണത്തിന് വീണ്ടും വില കൂടി. പവന് 4840 രൂപ കൂടി, ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇന്ന് വർധനവ് ഉണ്ടായത്. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സർവകാല റെക്കോർഡ്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറയുന്നതാണ് ദൃശ്യമായത്. ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വർണവില ഉച്ചയോടെ 1600 രൂപ വർധിച്ച് തിരിച്ചുകയറിയിരുന്നു.

കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വർധന സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

























