വിവാഹിതരായ പെൺകുട്ടികളുടെ വിവരങ്ങൾ നൽകികബളിപ്പിച്ചു; മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാട്രിമോണി സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. 14,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. എറണാകുളം ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.

വിവാഹിതരായ പെൺകുട്ടികളുടെ വിലാസം നൽകി കബളിപ്പിച്ചെന്നാണ് പരാതി. മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന ‘ലക്ഷ്മി മാട്രിമോണി’ എന്ന സ്ഥാപനത്തെ പരാതിക്കാരൻ സമീപിച്ചത്. 2000 രൂപ ഫീസായി നൽകിയ പരാതിക്കാരന് 8 പെൺകുട്ടികളുടെ വിശദാംശങ്ങളാണ് എതിർകക്ഷി നൽകിയത്. അതിൽ 7 പെൺകുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. ശേഷിച്ച ഒരു പെൺകുട്ടിയുടെ പൂർണമായ വിവരം എതിർകക്ഷി നൽകിയില്ല.

പരാതിക്കാരൻ പല പ്രാവശ്യം എതിർകക്ഷിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും വിവരങ്ങൾ നൽകാൻ അവർ തയ്യാറായില്ല. എതിർകക്ഷി ആവശ്യപ്പെട്ട പണം നൽകിയിട്ടും സേവനം കൃത്യമായി നൽകുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തി എന്നും ഇതുമൂലം ഏറെ മന:ക്ലേശവും ധനനഷ്ടവും വന്നുവെന്നും പരാതിപ്പെട്ടാണ് കമ്മീഷനെ സമീപിച്ചത്.