നെയ്യാറ്റിൻകര: വെന്റിലേറ്ററിനു തീപിടിച്ച് അപകടമുണ്ടായപ്പോൾ മെഡിക്കൽ കോളജ് ആശുപത്രി മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ നിന്നു മാറ്റിയ രോഗി പിറ്റേന്നു മരിച്ചു. ചെങ്കൽ കീഴ്ക്കൊല്ല കുഴിച്ചാണി നരിക്കോട്ടുവിള ശാന്തി ഭവനിൽ സനീഷ് (38) ആണ് മരിച്ചത്. 17 ന് രാവിലെയാണ് മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. സനീഷ് 18ന് രാത്രി എട്ടരയോടെ മരിച്ചു. പൊട്ടിത്തെറിച്ച വെന്റിലേറ്റർ യൂണിറ്റ് ഉപയോഗിച്ചിരുന്നത് സനീഷിനു വേണ്ടിയാണെന്നു ബന്ധുക്കൾ ആരോപിച്ചു.

തീപിടിത്തമുണ്ടായ ദിവസം ചികിത്സയിലുണ്ടായിരുന്ന, പിന്നീട് മരിച്ച 4 രോഗികളുടെ ബന്ധുക്കളും ആരോപണവുമായി രംഗത്തെത്തി. ഇതിൽ രണ്ടുപേരുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. തീപിടിത്തമാണ് മരണ കാരണമെന്നാണ് ആരോപണം. ആരും പരാതി നൽകിയിട്ടില്ല. ചിലരുടെ കുടുംബം ഇന്ന് പരാതി നൽകിയേക്കും. ടൈൽസ് പണിക്കാരനായിരുന്ന സനീഷ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ 8ന് രാത്രി ഒൻപതരയോടെ കരമന– കളിയിക്കാവിള റോഡിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംക്‌ഷനിലാണ് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 17ന് ഐസിയുവിൽ തീപിടിത്തമുണ്ടായപ്പോൾ അവിടെ നിന്ന് ഒഴിപ്പിച്ച രോഗികളുടെ കൂട്ടത്തിൽ സനീഷിനെ കണ്ടിരുന്നില്ലെന്നു ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് സനീഷിനെ മറ്റൊരു ഐസിയുവിലേക്കു മാറ്റിയെന്ന് അറിയിക്കുകയായിരുന്നു. അപകടമുണ്ടായി 2 ദിവസത്തിനു ശേഷം സനീഷിന് കഞ്ഞി നൽകി തുടങ്ങിയെന്നും നില മെച്ചപ്പെട്ടു തുടങ്ങിയതായും ആശുപത്രി അധികൃതർ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. പക്ഷേ, തീപിടിത്തമുണ്ടായ ശേഷം ഒരു വിവരവും അറിയിച്ചില്ല. നില ഗുരുതരമായതായി 18ന് രാവിലെ അറിയിച്ചു. അന്നു രാത്രിയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.


വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്നു കുടുംബം അറിയിച്ചു. സനീഷിന്റെ സംസ്കാരം നടത്തി. അതേസമയം സനീഷിന്റെ മരണവുമായി ബന്ധപ്പെട്ടു പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ‘സനീഷ് അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അതിനാലാണു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ ചികിത്സയിലുള്ളവർ മരിച്ചാൽ സ്വാഭാവികമായും പോസ്റ്റ്മോർട്ടം നടത്തും. തീപിടിത്തം മൂലം രോഗികൾക്ക് ആർക്കും ബുദ്ധിമുട്ടുണ്ടായിട്ടില്ല. തീപിടിത്തമുണ്ടായ ഐസിയു, വെന്റിലേറ്റർ എന്നിവ വിദഗ്ധ ഡോക്ടർമാർ വിശദമായി പരിശോധിച്ചു തീപിടിത്തത്തിന്റെ ഫലമായി മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് ഉറപ്പാക്കിയിരുന്നു. ചികിത്സയിലുള്ള ഒരാൾ മരിച്ചതു സംബന്ധിച്ചു പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കാറുണ്ട്–’ അധികൃതർ അറിയിച്ചു.























