നടി മീര വാസുദേവ് വിവാഹമോചിതയായി. ക്യാമറമാനായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് വേർപിരിഞ്ഞതായി മീര അറിയിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഒരു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. ‘‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’’–മീര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ ‘കുടുംബവിളക്ക്’ അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരിഹ എന്നു പേരുള്ള മകൻ മീരയ്ക്കുണ്ട്. നടിയും കലാകാരിയുമെന്ന നിലയിൽ 25 വർഷം പൂർത്തിയാക്കിയ സന്തോഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മീര സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

























