കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘മുഖപ്രസംഗം എഴുതി അരമനയിൽ കയറി ഒതുങ്ങിയിരുന്നാൽ പരിഹാരമാകുമോ? പരാതി പറയാനുള്ള ധൈര്യം പോലുമില്ലേ?’ മന്ത്രി

തിരുവന്തപുരം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിഷപ്പുമാർക്കെതിരേ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടും തിരുമേനിമാർ പ്രതിഷേധിക്കാത്തതെന്ത്? തിരുമേനിമാരുടെ സ്ഥാനങ്ങൾ ഉറപ്പിച്ച് മുന്നോട്ടുപോകുക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

‘ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറി ഒതുങ്ങിയിരുന്ന് പ്രാർഥിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണുമോ? പ്രധാനമന്ത്രി തന്നെയല്ലേ ഇതിന് നേതൃത്വം നൽകുന്നത്. രാജ്യത്താകെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും അതുപോലെയുള്ള മതത്തിൽപ്പെട്ട ആളുകളേയും പൂർണമായും നീക്കം ചെയ്യുന്നതിന് വേണ്ടി എല്ലാ നടപടികളും കേന്ദ്ര സർക്കാർ ചെയ്തു കൊണ്ടിരിക്കുകയല്ലേ. ആ ഇന്ത്യൻ പ്രധാനമന്ത്രിയോട് ചെന്ന് ഞങ്ങൾക്ക് ഇങ്ങനെയുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന നിലയിൽ ചെന്ന് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർ കാണിക്കുന്നില്ലാല്ലോ. സകലമാന നിയമങ്ങളും ഭരണഘടനയിൽ പറയുന്ന കാര്യങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടാണല്ലോ ബജ്രംഗ്ദളിന്റെ സഹായത്തോടെ ഘോഷയാത്രപൂർവം അറസ്റ്റ് ചെയ്തുകൊണ്ട് പോയത്’ – വി. ശിവൻകുട്ടി പറഞ്ഞു.

തീരുമാനിമാർക്ക് അവരുടെ സ്ഥാനങ്ങൾ ഉറപ്പിച്ച് മുമ്പോട്ട് കൊണ്ടുപോവുകയാണെന്നും ബാക്കി പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കട്ടെ എന്ന നിലയിലായിരിക്കും എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.