ചണ്ഡീഗഢ്: ഹരിയാണയിൽ കാണാതായ മോഡലിനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ യുവതിയുടെ കാമുകനെ ഹരിയാണ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി(സിഐഎ) അറസ്റ്റ് ചെയ്തു. ഇസ്രാന സ്വദേശിയായ സുനിലിനെയാണ് പോലീസ് പിടികൂടിയത്.

ഹരിയാണയിലെ മോഡലും സംഗീത ആൽബങ്ങളിലെ താരവുമായ ശീതളാണ് കൊല്ലപ്പെട്ടത്. ജൂൺ 14-ാം തീയതി മുതൽ കാണാതായ ശീതളിനെ തിങ്കളാഴ്ചയാണ് സോണിപാതിന് സമീപത്തെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശീതൾ സഞ്ചരിച്ച കാറും കനാലിലേക്ക് മറിഞ്ഞനിലയിലായിരുന്നു. എന്നാൽ, യുവതിയുടെ കഴുത്തിൽ ചില മുറിവുകൾ കണ്ടെത്തിയത് സംശയത്തിനിടയാക്കി. പ്രാഥമിക പരിശോധനയിൽ കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടർന്ന് പോലീസ് അന്വേഷണത്തിൽ യുവതിയുടെ കാമുകനെ പിടികൂടുകയും ഇയാൾ കുറ്റംസമ്മതിക്കുകയുമായിരുന്നു.


പ്രതിയായ സുനിൽ വിവാഹിതനാണ്. ശീതളും സുനിലും അടുപ്പത്തിലായിരുന്നെങ്കിലും ഇയാൾ വിവാഹിതനാണെന്നവിവരം യുവതി നേരത്തേ അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് സുനിൽ വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ജൂൺ 14-ന് ഷൂട്ടിങ്ങിനായി പോയ ശീതൾ പിന്നീട് തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവായ യുവതിയാണ് പോലീസിൽ പരാതി നൽകിയിരുന്നത്. പോലീസിന്റെ അന്വേഷണത്തിൽ ശീതൾ പ്രതിയായ സുനിലിനൊപ്പമാണ് കാറിൽ പോയതെന്ന് വ്യക്തമായി. ഇതിനിടെയാണ് തിങ്കളാഴ്ച ശീതളിന്റെ കാർ കനാലിൽ മറിഞ്ഞനിലയിൽ കണ്ടെത്തിയത്.























