എന്റെ മകന്റെ വിവാഹം പോലെ; ബ്ലെസിയുടെ മകന്റെ വിവാഹത്തിൽ മോഹൻലാൽ

സംവിധായകൻ ബ്ലെസിയുടെ മകൻ അദിത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് മോഹൻലാൽ. ബ്ലെസിയുടെ മകന്റെ വിവാഹം തന്റെ മകന്റെ വിവാഹം പോലെത്തന്നെയാണെന്ന് മോഹൻലാൽ പറഞ്ഞു. ബ്ലെസിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വാചാലനായി. വിവാഹാഘോഷത്തിൽ പങ്കെടുക്കാനായതിന്റെ സന്തോഷവും പങ്കുവച്ച മോഹൻലാൽ വിവാഹത്തിന് ആശംസകളും നേർന്നു. മോഹൻലാലിന്റെ വാക്കുകൾ: ‘എൻറെ മകൻറെ വിവാഹം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്.

ബ്ലെസിയുടെ ആദ്യത്തെ സിനിമയായ ‘‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’’ മുതലുള്ള ബന്ധമാണത്. എൻറെ സിനിമാ ജീവിതത്തിൽ ഏറ്റവും മനോഹരമായ മൂന്ന് സിനിമകൾ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. അദ്ദേഹത്തിൻറെ മകൻ എന്ന് പറയുമ്പോൾ, ആ കുടുംബത്തോട് എൻറെ ഹൃദയത്തിൽ അത്രയും സ്ഥാനമുണ്ട്. എന്നെ വിളിച്ചതിൽ സന്തോഷം, എനിക്ക് വരാൻ സാധിച്ചതിൽ സന്തോഷം, നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞതിലും സന്തോഷം.’ ‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ബ്ലെസി സിനിമകളിലെ നായകനായിരുന്നു മോഹൻലാൽ.

‘തന്മാത്ര’യിലെ പ്രകടനത്തിന് മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ഇന്നലെയാണ് സംവിധായകൻ ബ്ലെസിയുടെ മകൻ അദിത് വിവാഹിതനായത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.