അമേരിക്കയിലേക്ക് പോകും മുമ്പ് വോട്ട് ചെയ്യാനെത്തി മോഹൻലാൽ: പ്രശംസിച്ച് ശബരീനാഥൻ

തിരുവനന്തപുരം: വിദേശത്തു പോകുന്നതിനു മുമ്പ് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ പ്രിയതാരം മോഹൻലാലിനെ പ്രശംസിച്ച് നേമം സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. ‘‘ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുഗൾ സ്‌കൂളിലെത്തിയ ലാലേട്ടൻ….കൂടെ സ്‌ഥാനാർത്ഥികളായ ഞാനും ശിവൻകുട്ടിയും.’’–ശബരീനാഥൻ കുറിച്ചു.

നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’.–സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹൻലാൽ കുറിച്ചു.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാലിനെ കൂടാതെ മറ്റ് പല താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ​ഗുരുവായൂരിർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്​ഗോപി വോട്ട് ചെയ്തു. കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190ൽ സിനിമ താരം അജു വർഗീസ് വോട്ട് ചെയ്യാനെത്തി. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി.