‘ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും ദുരനുഭവം; ഇനി ഒരിക്കലും കേരളത്തിലേക്ക് ഇല്ല’: വിഡിയോ പങ്കുവച്ച് മുംബൈ സ്വദേശിനി

മുംബൈ: കേരളം സന്ദർശിക്കാനെത്തിയപ്പോൾ നേരിട്ട ദുരനുഭവം പങ്കുവച്ച് മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരി. മൂന്നാർ സന്ദർശന വേളയിലാണ് ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതായി ജാൻവി യുവതി പറയുന്നത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ യുവതി പൊലീസിന്റെ സഹായം തേടി.

എന്നാൽ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു ട്രിപ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറയുന്നു. ദുരനുഭവം ഒരിക്കലും മറക്കാനാകില്ല. ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പറയുന്നു. ‘‘ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്സി ഡ്രൈവർമാർ ഓൺലൈൻ ടാക്സി നിരക്കിനെക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്.

എന്റെ അനുഭവം ഓൺലൈനിൽ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളിൽ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്സി ഗ്രൂപ്പുകൾ പിന്തുടർന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കി. കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. എനിക്ക് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദർശിക്കാൻ എനിക്ക് ഇനി കഴിയില്ല.’’ – ജാൻവി വി‍ഡിയോയിൽ പറയുന്നു.