കോട്ടയത്ത് യുഡി ക്ലർക്കിനെ കാണാതായതായി പരാതി

കോട്ടയം: മുത്തോലി പഞ്ചായത്തിലെ യൂ ഡി ക്ലർക്കിനെ കാണാനില്ലെന്ന് പരാതി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്. രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് എന്നാൽ ബിസ്മി ഇന്നലെ ഓഫീസിൽ എത്തിയിട്ടില്ലെന്നാണ് സഹപ്രവർത്തകർ പൊലീസിന് നൽകിയ മൊഴി.

വൈകുന്നേരം ഭർത്താവ് പഞ്ചായത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. അതിനിടെ ഇന്നലെ രാവിലെ 10:30 ന് കൊഴുവംകുളം ജംഗ്ഷനിൽ നിന്നും ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഭർത്താവിൻറെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്.