അയ്യപ്പനെ അധിക്ഷേപിച്ച സംഭവം; രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പൊലീസ്

പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫെയ്‌സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർ നടപടിയാണ് നിർത്തിവെച്ചത്. 2018 ലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി.

വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ബിജെപി നേതാവ് രാധാകൃഷ്ണ മേനോനാണ് പരാതിക്കാരൻ. തുടർനടപടി നിർത്തിവെക്കുന്നതായി പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2018ലാണ് സംഭവം. ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനെത്തുടർന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കേസിലാണ് രഹ്നയുടെ പേരിൽ കേസെടുത്തിരുന്നത്.