ഭർത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാൻ അവകാശം ഇല്ലേ? നഫീസുമ്മയ്ക്ക് പിന്തുണ; മത പണ്ഡിതൻ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കിയെന്ന്‌ മകൾ

കോഴിക്കോട്: മണാലി യാത്രാനുഭവം പങ്കുവച്ച നാദാപുരം സ്വദേശിനിയായ നഫീസുമ്മയെ വിമർശിച്ച മത പണ്ഡിതന്റെ പ്രസംഗത്തിനെതിരെ വ്യാപക വിമർശനം. സമസ്ത എ പി വിഭാഗം പണ്ഡിതനും സുന്നി വോയ്സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസംഗമാണ് വിവാദത്തിന്റെ അടിസ്ഥാനം.

25 വർഷം മുൻപ് ഭർത്താവ് മരിച്ച ഒരു സ്ത്രീ ദിഖ്റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരിക്കുകയാണ് വേണ്ടത്. എന്നാൽ ഏതോ നാട്ടിൽ പോയി മഞ്ഞിൽ കളിക്കുകയാണ്. ഇതാണ് ജീവിതം എന്ന് മറ്റുള്ളവരോട് പറയുന്നു. വിധവകൾ വീട്ടിലിരിക്കണമെന്ന ആശയം പങ്കുവയ്ക്കാൻ ശ്രമിക്കുന്നതായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസംഗം. വിനോദയാത്ര പോകുന്നതും വീഡിയോ പങ്കുവയ്ക്കുന്നതും വലിയ തെറ്റന്ന രീതിയിൽ പൊതുവേദിയിൽ പ്രസംഗിച്ച പ്രഭാഷകന്റേത് പിന്തിരിപ്പൻ നിലപാടാണെന്നാണ് പ്രമുഖരുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന വാദം.
അതേസമയം, മതപണ്ഡിതന്റെ വിമർശനം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത മാനസിക പ്രയാസത്തിലാണ് നഫീസുസുമ്മ എന്നാണ് മകൾ ജിഫാന പറയുന്നത്. പ്രസംഗത്തിലൂടെ ഒരു കുടുംബത്തിന്റെ സമാധാനമാണ് മത പണ്ഡിതൻ ഇല്ലാതാക്കിയത് എന്നും ജിഫാന പറയുന്നു.

പ്രസംഗം കുടുംബത്തിനും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. 25 വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാൻ അവകാശം ഇല്ലെന്നാണോ മത പണ്ഡിതർ പറയുന്നത്. ‘കഴിഞ്ഞ ഡിസംബറിലാണ് ഞാനും ഉമ്മയും മണാലിയിലേക്ക് വിനോദയാത്ര പോയത്. ആദ്യമായി മഞ്ഞുകാണുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്ത ഉമ്മയുടെ വീഡിയോ പിന്നീട് പുറത്തുവരികയും വൈറലാവുകയും ചെയ്യുകയായിരുന്നു. എന്നാൽ, മതപണ്ഡിതന്റെ വിമർശനം ചർച്ചയായതോടെ ഉമ്മ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. എല്ലാവരും പണ്ഡിതന്റെ പ്രഭാഷണത്തെ കുറിച്ച് പറയുന്നത് ഉമ്മയെ മാനസികമായി ബാധിച്ചു’ ജിഫാന പറയുന്നു.