തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. ഈ സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് പുലരിയിൽ ജനിച്ച കുഞ്ഞ് മകൾക്ക് പേര് മന്ത്രി ക്ഷണിച്ചു.

അതേസമയം ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണർത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.


വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിനും ഇതോടെ തുടക്കമായി.























