ഭിൽവാര (രാജസ്ഥാൻ): രാജസ്ഥാനിലെ ഭിൽവാരയിൽ വനപ്രദേശത്ത് നവജാതശിശുവിനെ വായിൽ കല്ലുകൾനിറച്ച് ചുണ്ടുകൾ കൂട്ടിയൊട്ടിച്ച് ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയായതിനാലാണ് കുഞ്ഞിനോട് ഇവർ ഈ ക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു.

സമുദായ വിലക്ക് ഭയന്ന് രാജസ്ഥാനിലെ ബുണ്ടിയിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചാണ് പ്രസവം നടത്തിയത്. കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും നടക്കാത്തതിനെ തുടർന്ന് വനപ്രദേശത്ത് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.


അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു യുവാവുമായുള്ള ബന്ധത്തിലാണ് കുഞ്ഞുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. യുവതിയുടേത് തന്നെയാണ് കുട്ടിയെന്നുറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തും. രണ്ടുദിവസങ്ങൾക്ക് മുൻപ് കണ്ടെത്തുമ്പോൾ കുഞ്ഞിന് 19 ദിവസം മാത്രമായിരുന്നു പ്രായം.
പ്രദേശത്ത് കാലിമേയ്ക്കാൻ വന്നയാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടൻതന്നെ ഇയാളെ പോലീസിനെയും ഗ്രാമവാസികളെയും വിവരമറിയിച്ചു. പോലീസ് രക്ഷപ്പെടുത്തിയ കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ കുഞ്ഞിന് ഓക്‌സിജൻ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ പ്രതികരിച്ചു.























