ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്, ഗുരുതര രോഗങ്ങൾ; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മക്കൾ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളിൽ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചതവുകൾ മൂലം അസ്ഥികൾ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ല.

ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലിവർ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികൾ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലിൽ ഗുരുതരമായ നിലയിൽ അൾസറുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കഴിഞ്ഞ മാസം ഗോപന്റെ സമാധി സംബന്ധിച്ചു വലിയ വിവാദങ്ങൾ ഉയർന്നതിനു പിന്നാലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു.