തൊടുപുഴ: ഇടുക്കി ദേവികുളത്ത് വീണ്ടു കാട്ടാനയുടെ ആക്രമണം. ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാർ കാണാനെത്തിയ വിദേശസഞ്ചാരികൾ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു.

ലണ്ടനിൽ നിന്നും മൂന്നാർ കാണാനെത്തിയവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അപകടത്തിൽപ്പെട്ട കാർ ഡ്രൈവർ പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞെടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തിൽ ചവിട്ടുകയും ചെയ്തു. ഫോറസ്്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ പുറത്തെടുത്തതെന്നും ഡ്രൈവർ പറഞ്ഞു.


വിദേശ സഞ്ചാരികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. കുന്നിൻ മുകളിൽ നിന്ന് താഴോട്ട് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട് വാഹനം റിവേഴ്‌സ് അടിക്കാൻ ശ്രമിച്ചെങ്കിലും ആപ്പോഴെക്കും ആന വാഹനം കുത്തിമറിച്ചിട്ടു. വിചാരിക്കാത്ത ഒരാക്രമണമാതിനാൽ സഞ്ചാരികൾ ഭയപ്പെട്ടുപോയെന്നും ഡ്രൈവർ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആർടിടി സംഘം ആനയെ കാടുകയറ്റി.























