പാലക്കാട്: നിപ രോഗലക്ഷണങ്ങളോടെ നാലുപേരെ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരുമായി സമ്പർക്കമുള്ള സ്ത്രീയെയും നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിപ ലക്ഷണങ്ങളോടെ മരിച്ച മണ്ണാർക്കാട് സ്വദേശിയായ 58-കാരന്റെ മകൻ, മകന്റെ രണ്ടുമക്കൾ, ഒരു ആരോഗ്യപ്രവർത്തക എന്നിവരെയാണ് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലെങ്കിലും കുട്ടികളുടെ അമ്മയെയും നിരീക്ഷണത്തിനായി ആശുപത്രിയിലാക്കിയിട്ടുണ്ട്.


ജില്ലയിൽ ആദ്യഘട്ടത്തിൽ കുമരംപുത്തൂർ, കരിമ്പുഴ, കാരാകുറുശ്ശി, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിലുള്ള 17 വാർഡിലാണ് തീവ്രനിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും തിങ്കളാഴ്ച ഒരുവാർഡിൽക്കൂടി നിയന്ത്രണമേർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച പ്രദേശത്തുനിന്ന് മൂന്നുകിലോമീറ്റർമാത്രം അകലെയുള്ള മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡായ പെരിമ്പടാരിയിലാണ് കളക്ടർ തീവ്രനിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിലുള്ളവർ മുഖാവരണം ധരിക്കണമെന്ന് കളക്ടർ അറിയിച്ചു. നിപ ലക്ഷണങ്ങളോടെ മരിച്ചയാൾ കെഎസ്ആർടിസി ബസിൽ യാത്രചെയ്‌തെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സ്വകാര്യവാഹനങ്ങളിലും ബൈക്കിലും മാത്രമാണ് ഇദ്ദേഹം യാത്രചെയ്തിട്ടുള്ളതെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
നിപ റിപ്പോർട്ടുചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡുതല പ്രവർത്തനങ്ങളും പനിനിരീക്ഷണവും ശക്തമാക്കി.
ആരോഗ്യവകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർനടപടി സ്വീകരിച്ചു. പാലക്കാട്ട് ആകെ 286 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി അറിയിച്ചു.























