ചെന്നൈ: സംഘട്ടന കലാകാരൻ എസ്. മോഹൻരാജ് എന്ന എസ്.എം. രാജുവിന്റെ അപകട മരണത്തിൽ സംവിധായകൻ പാ രഞ്ജിത്തിനെതിരേ പോലീസ് കേസ്. സംവിധായകൻ അടക്കം നാലുപേർക്കെതിരേയാണ് തമിഴ്‌നാട് കീഴൈയൂർ പോലീസ് കേസെടുത്തത്. രഞ്ജിത്തിന് പുറമേ സംഘട്ടന സംവിധായകൻ വിനോദ്, നീലം പ്രൊഡക്ഷൻസിന്റെ മാനേജർ രാജ്കമൽ, കാർ ഉടമ പ്രഭാകരൻ എന്നിവർക്കെതിരേയാണ് കേസ്. പാ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയാണ് നീലം പ്രൊഡക്ഷൻസ്.

ഭാരതീയ ന്യായ സംഹിതയുടെ 194-ാം വകുപ്പ് പ്രകാരമായിരുന്നു നേരത്തെ കേസ് രജിസ്റ്റർ ചെയ്തത്. അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ, ബിഎൻഎസിന്റെ 289, 125, 106 (1) വകുപ്പുകൾ ചേർത്ത് കേസ് പുതുക്കി. ഷൂട്ടിങ്ങിന് സിനിമാസംഘം അനുമതി വാങ്ങിയിരുന്നതായി നാഗപട്ടണം എസ്പി എസ്. ശെൽവകുമാർ പറഞ്ഞു. പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിന് അനുമതി തേടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാ രഞ്ജിത്തിനെ ഉൾപ്പെടെ വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കും.


ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനംചെയ്യുന്ന ‘വേട്ടുവം’ എന്ന സിനിമയ്ക്കുവേണ്ടി സാഹസികമായി കാർ ചാടിക്കുന്നതിനിടെയായിരുന്നു അപകടം. രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.























