നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു; പലയിടത്തും ബസുകൾ തടഞ്ഞു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ,ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും, ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കും. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഇത് ജനകീയ ഹർത്താലാണെന്നും പൊതുജനങ്ങളുടെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന നടപടികളൊന്നും സ്വീകരിക്കില്ലെന്നും സമരക്കാർ പറഞ്ഞു. ബസുകളാണ് തടയുന്നതെന്നും സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും സമരക്കാർ വ്യക്തമാക്കി. നിതിൻ രാജ് പഠിച്ചിരുന്ന അഞ്ചരക്കണ്ടി ദന്തൽ കോളജ് സ്ഥിതി ചെയ്യുന്ന കണ്ണൂരിലടക്കം സമരക്കാർ വ്യാപകമായി റോഡുകൾ ഉപരോധിക്കുകയും ബസുകൾ തടയുകയും ചെയ്യുന്നുണ്ട്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്നുണ്ട്. ദന്തൽ കോളജ് അധ്യാപകരുടെ ഭാഗത്തുനിന്നുള്ള തെറ്റായ സമീപനമാണ് നിതിന്റെ ജീവനെടുത്തതെന്നും നിതിന് ഇതുവരെ നീതി ലഭിച്ചതായി കരുതുന്നില്ലെന്നുമാണ് സമരക്കാർ വ്യക്തമാക്കുന്നത്.